അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ട്ലർ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (പ്ലേയിംഗ് ഇലവൻ): വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ, രജത് പടിദാർ(സി), ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭൂവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹാസിൽവുഡ്, റാസിഖ് സലാം ദാർ.
◄ ഫൈനലിലേക്കുള്ള വഴി
2026 സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില്‍ 14 മത്സരങ്ങളില്‍നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ ബംഗളൂരു ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാമതുമായി. റണ്‍റേറ്റിലും നേരിയ വ്യത്യാസമാണുള്ളത്. ബംഗളൂരുവിന്റെ നെറ്റ് റണ്‍ റേറ്റ് +0.783ഉം ഗുജറാത്തിന്റേത് +0.695ഉം.
ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 92 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റ് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.
◄ നേര്‍ക്കുനേര്‍
2026 സീസണില്‍ ഇരുടീമും മൂന്നു തവണ ഏറ്റുമുട്ടി. അതില്‍ രണ്ടു ജയം ആര്‍സിബിക്ക് ആയിരുന്നു. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍വച്ചു നടന്ന ആദ്യമത്സരത്തില്‍ ആര്‍സിബി അഞ്ച് വിക്കറ്റ് ജയം നേടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാം മത്സരത്തില്‍ ജിടി നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു. ഇരുടീമും തമ്മിലുള്ള ക്വാളിഫയര്‍ ഒന്ന് പോരാട്ടം ധര്‍മശാലയിലായിരുന്നു.
◄ ബൗളിംഗ് x ബാറ്റിംഗ്
സീസണിലെ റണ്‍വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (722 റണ്‍സ്) സായ് സുദര്‍ശനുമാണ് (710) ഗുജറാത്തിന്റെ ഓപ്പണര്‍മാര്‍. പിന്നാലെ എത്തുന്ന ജോസ് ബട്ലര് (510), വാഷിംഗ്ടണ്‍ സുന്ദര്‍ (327) എന്നിവരും ജിടിയുടെ ബാറ്റിംഗ് കരുത്താണ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാമതുള്ള ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് (26 വിക്കറ്റ്) ഗുജറാത്തിന്റെ ബാറ്റിംഗ് നിരയുടെ ബലം അളക്കുന്നത്. ഒപ്പം റാഷിഖ് സലാം (16), ക്രുണാല്‍ പാണ്ഡ്യ (13), ഹെയ്സല്‍ വുഡ് (13) എന്നിവരുമുണ്ട്.
19-ാം സീസണിലെ റണ്‍ വേട്ടക്കാരില്‍ അഞ്ചാമതുള്ള വിരാട് കോഹ്ലിയാണ് (600 റണ്‍സ്) ആര്‍സിബിയുടെ ബാറ്റിംഗ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (486), ദേവ്ദത്ത് പടിക്കല്‍ (463) എന്നിവരും ബാറ്റിംഗ് പോരാട്ടം നയിക്കും.
സീസണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള കഗിസൊ റബാഡയ്ക്കാണ് (28 വിക്കറ്റ്) ജിടിയുടെ ബൗളിംഗ് ആക്രമണ ചുമതല. റഷീദ് ഖാന് (19), മുഹമ്മദ് സിറാജ് (18), ജേസണ്‍ ഹോള്‍ഡര്‍ (17), പ്രസിദ്ധ് കൃഷ്ണ (16) എന്നിവരും റബാഡയ്ക്കൊപ്പമുണ്ട്.